പാലാ: വാഹനാപകടത്തെത്തുടര്‍ന്ന് മസ്തിഷ്കമരണം സംഭവിച്ച പാലാ മുണ്ടുപാലം പുത്തേറ്റ് കുന്നേല്‍ റോസമ്മ ഉലഹന്നാൻ ഇനി അഞ്ചുപേരിലൂടെ ജീവിക്കും. റോസമ്മയുടെ രണ്ടു വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലങ്ങൾ എന്നിവയാണു ദാനം ചെയ്തത്.
ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലേക്കും മറ്റൊരു വൃക്ക കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും നേത്രപടലങ്ങള്‍ കോട്ടയം ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് നല്‍കിയത്.
കഴിഞ്ഞ അഞ്ചിനു രാത്രി 10.30ന് കടയിലെ ജോലി കഴിഞ്ഞ് ഭര്‍ത്താവ് ഉലഹന്നാനൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു മടങ്ങവെയായിരുന്നു അപകടം. യാത്രാമധ്യേ, പാലാ സിവില്‍ സ്റ്റേഷനു സമീപം ഉലഹന്നാന് സാധനങ്ങള്‍ വാങ്ങാനായി ഓട്ടോറിക്ഷ നിര്‍ത്തിയിട്ട സമയത്ത് ഓട്ടോറിക്ഷയുടെ പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോസമ്മയെ ഉടന്‍തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ 11ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.
കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്. രാജേഷ് ജോസഫ്, രാജീവ് ജോസഫ് (സോഫ്റ്റ്വേര്‍ എൻജിനിയർ, ബംഗളൂരു), രശ്മി ജോണ്‍ (യുകെ) എന്നിവരാണു മക്കള്‍. സംസ്കാരം നാളെ ളാലം പഴയ പള്ളിയില്‍ നടക്കും.
റോസമ്മയുടെ വിയോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലി അര്‍പ്പിച്ചു.